St. Kuriakose & St. Julitta

ബാലനായ വിശുദ്ധ കുര്യാക്കോസ് സഹദായുടെടെയും
ജൂലിറ്റാ പുണ്യവതിയുടെയും തിരുനാള്‍
(July 15)

 

മാര്‍ ഗീവറുഗീസ് സഹദായെപ്പോലെ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ പീഡനകാലത്താണ് (AD 284-305) വിശുദ്ധ  കുരിയാക്കൊസും ജൂലിറ്റായും രക്തസാക്ഷികള്‍ ആകുന്നത്. വിധവയായ ജൂലിറ്റാ ലൈക്കൊനിയ എന്ന സ്ഥലത്തെ ഒരു കുലീന ക്രിസ്തീയ കുടുംബത്തില്‍ ഉള്ളവള്‍ ആയിരുന്നു. ഗവര്‍ണര്‍ ആയ അലക്സാണ്ടര്‍ കൊടിയ ക്രിസ്തീയ വിരോധിയായിരുന്നു. മൂന്നു വയസ്സുള്ള കുരിയാക്കൊസിനെയും കൂട്ടി അവര്‍ പലായനം ചെയ്‌തു. അന്ത്യോക്യയിലെ തര്‍സൂസ് പട്ടണത്തില്‍ അവര്‍ എത്തിയപ്പോള്‍ അവര്‍ കണ്ടു പിടിക്കപ്പെട്ടു. 

രണ്ടു പേരെയും ഗവര്‍ണറുടെ മുന്‍പില്‍ ഹാജരാക്കപ്പെട്ടു. യൂലീത്തിയെ അലക്സാണ്ടര്‍ വിചാരണ ചെയ്‌തു. വിചാരണയില്‍ പതറാതെ താന്‍ ക്രിസ്ത്യാനി ആണെന്നും മരണം വരെ ക്രിസ്തുവിനെ ഉപേക്ഷിക്കില്ലെന്നും വെളിപ്പെടുത്തി. ജൂലിറ്റാ  പീഡനത്തിനായി ഗവര്‍ണര്‍ ഏല്‍പ്പിച്ചു കൊടുത്തു. ഇത് കണ്ട കുട്ടി താന്‍ ഒരു ക്രിസ്ത്യാനി ആണെന്നും തനിക്കു അമ്മയുടെ കൂടെ പോകണം  എന്നും വിളിച്ചു പറഞ്ഞു. കുപിതനായ അലക്സാണ്ടര്‍ ജൂലിറ്റായുടെ മുന്നില്‍ വച്ചുതന്നെ മൂന്നു വയസ്സുള്ള കുരിയാക്കൊസിനെ എടുത്ത് നിലത്തടിക്കുകയും പടികളിലൂടെ  കാല്‍ കൊണ്ട് തൊഴിച്ച് ഉരുട്ടി വിടുകയും ചെയ്‌തു. തലയോട് തകര്‍ന്നും എല്ലുകള്‍ നുറുങ്ങിയും കുഞ്ഞു കുരിയാക്കോസ് അപ്പോള്‍ തന്നെ അന്ത്യശ്വാസം വലിച്ചു. 

ഇത് കണ്ടു നിന്ന അമ്മ അല്‍പ്പം പോലും പതറാതെ, തന്റെ മകന്‍ സഹദേന്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടതിനാല്‍ ദൈവത്തെ സ്തുതിക്കുന്നു എന്ന് ഉച്ചത്തില്‍ പറഞ്ഞു. കുപിതനായ ഗവര്‍ണ്ണര്‍ അവളെ  ശരീരത്തിലെ രണ്ടു വശങ്ങളും കൊളുത്തുകള്‍ കൊളുത്തി വലിക്കാന്‍ ഉത്തരവിട്ടു. ഇപ്രകാരമുള്ള കൊടിയ പീഡനങ്ങള്‍ക്ക് ശേഷം അവളെ തല അറുത്തു കൊന്നു. 

മഹാനായ കൊന്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ AD 337 രണ്ടു പേരുടെയും തിരുശേഷിപ്പുകള്‍ കണ്ടെടുക്കപ്പെടുകയും കുസ്തന്തീനോസ്പോലിസിലെ ഒരു ആശ്രമത്തില്‍ സ്ഥാപിക്കപ്പെടുകയും ചെയ്‌തു. വിശുദ്ധ കുരിയാക്കോസ് സഹദായുടെയും അമ്മയായ വിശുദ്ധ  ജൂലിറ്റായുടെയും ഓര്‍മ്മ ജൂലൈ 15 ന് സഭ കൊണ്ടാടുന്നു. 

തന്റെ മകനെ ചെറുപ്പം മുതല്‍ ഉറച്ച ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ജൂലിറ്റാ കാണിച്ച ഉത്സാഹം നമുക്ക് മാതൃകയാണ്. കൂടാതെ സ്വന്തം മകന്‍ മരിച്ചു വീഴുന്നത് കണ്ടിട്ടും കൊടിയ പീഡനങ്ങള്‍ ഏറ്റിട്ടും ക്രിസ്തുവിനെ തള്ളിപറയാതെ മരണം വരിച്ച അവളുടെ  ധൈര്യവും സ്ഥൈര്യവും നമുക്ക് ഓര്‍മിക്കാം. ഉറച്ച ക്രിസ്തീയ അപ്പോസ്തോലിക വിശ്വാസത്തില്‍ നിലനില്‍ക്കാന്‍ വിശുദ്ധ  കുരിയാക്കൊസിന്റെയും വിശുദ്ധ ജൂലിറ്റായുടെയും പ്രാര്‍ത്ഥന നമുക്ക് കോട്ടയും അഭയവും ആയിരിക്കട്ടെ!

– Text compiled from multiple sources.

Leave a Reply

Your email address will not be published. Required fields are marked *