Divine Praises (യാമപ്രാര്‍ത്ഥനകള്‍)
ദിവ്യഗുരുവിന്റെ പഠനവും മാതൃകയും ശിരസ്സാവഹിച്ചുകൊണ്ട് ആദിമ സഭയും പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ പ്രത്യേകം നിഷ്കര്‍ഷ വച്ചിരുന്നു. യൂദാസിനു പകരം ഒരാളെ തിരഞ്ഞെടുക്കുന്നതിനു മുമ്പായി ശ്ലീഹന്മാര് ഒരുമിച്ചു പ്രാര്‍ത്ഥിച്ചു (നട. 1, 24-25). സമൂഹത്തിന്റെ ശുശ്രൂഷയ്ക്കുവേണ്ടി തിരഞ്ഞെടുത്തവരുടെമേല്‍ കൈവയ്പ് നടത്തുന്നതിനുമുമ്പ് അവര്‍ പ്രാര്‍ത്ഥിച്ചു (നട. 6, 6; 13, 3). ഇതിനും പുറമെ വചനശുശ്രൂഷയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി അവര്‍ സ്വയം പ്രതിഷ്ഠിച്ചതായും വിശുദ്ധ ഗ്രന്ഥത്തില്‍ നാം വായിക്കുന്നു (നട. 6, 4). കൂടാതെ പഴയനിയമത്തില്‍ അങ്ങിങ്ങായി സൂചനയുള്ളതുപോലെ ദിവസത്തില്‍ പലപ്രാവശ്യം ആദിമസഭ പ്രാര്‍ത്ഥിച്ചിരുന്നു. ഈശോ തന്നെ രാവിലെയും (മര്‍ക്കോ. 1, 35) വൈകിട്ടും (മത്താ. 14, 23-24) പ്രാര്‍ത്ഥിച്ചിട്ടുള്ളതായി നമുക്കറിയാം. ശ്ലീഹന്മാരെ സംബന്ധിച്ചിട ത്തോളം ആറാം മണിക്കൂറിലും (നട. 10, 9) ഒമ്പതാം മണിക്കൂറിലും (നട. 3, 1; 10, 3) പ്രാര്‍ത്ഥനയുണ്ടായിരുന്നതായി വിശുദ്ധ ഗ്രന്ഥത്തില്‍ സ്പഷ്ടമായി പ്രസ്താവിക്കുന്നുണ്ട്. പില്ക്കാലങ്ങളില് പുതിയ നിയമ സംഭവങ്ങളെ അടിസ്ഥാനമാക്കി മൂന്ന്, ആറ്, ഒമ്പത് എന്നി മണിക്കൂറുകളില്‍ പ്രാര്‍ത്ഥിക്കുന്നതിന് സഭാപിതാക്കന്മാര് പ്രചോദനം നല്‍കിയിരുന്നു. ഈ മണിക്കൂറുകളെ അവര്‍ വീക്ഷിച്ചത് യഥാക്രമം പരിശുദ്ധാത്മാവിന്റെ ആഗമനത്തോടും, കര്‍ത്താവ് കുരിശില്‍ ഉയര്‍ത്തപ്പെട്ടതിനോടും തിരുമരണത്തോടും ബന്ധപ്പെടുത്തിയാണ്.
യഹൂദന്മാരുടെ ഇടയില്‍ രാവിലെയും വൈകിട്ടും “ഇസ്രായേലേ, കേള്‍ക്കുക” (Shema) എന്നറിയപ്പെടുന്ന പ്രാര്‍ത്ഥന ചൊല്ലുക പതിവാണ്. ദൈവത്തെ പൂര്‍ണ്ണമനസ്സോടെ സ്നേഹിക്കണമെന്നും മറ്റുമുള്ള ഭാഗം (നിയമാവര്‍ത്തനം 6, 4-9) ഉള്‍പ്പെടെയുള്ള ചില വാക്യങ്ങള്‍ ചൊല്ലിക്കൊണ്ടുള്ള നന്ദി പ്രകടനമാണിത്. പുതിയതിന്റെ നിഴല്‍ മാത്രമായ പഴയ നിയമത്തിലെ ജനത്തെക്കാള്‍ കൂടുതല്‍ ന്യായത്താടെ നന്ദി പറയുവാന്‍ നമുക്ക് അവകാശവും ചുമതലയുമുണ്ട് എന്ന് എടുത്തുപറയേണ്ടതില്ല. യഹൂദന്മാര് രക്ഷകനെ പ്രതീക്ഷിച്ചു കഴിയുന്നു. നാമാകട്ടെ രക്ഷകനെ സ്വീകരിച്ചവരാണ്. കാലത്തിന്റെ തികവില്‍ ദൈവം തന്റെ ഏകജാതനെ അയച്ചതോടെ (ഗാലാ. 4, 4) മനുഷ്യന്റെ ചരിത്രത്തിന് ആകപ്പാടെ ഒരു പുതിയ ചൈതന്യവും ലക്ഷ്യവും കരഗതമായി.
ദിവസത്തില്‍ പലപ്രാവശ്യം പ്രാര്‍ത്ഥിക്കുന്ന പതിവ് ആദിമസഭയി ലുണ്ടായിരുന്നതായി മുകളില്‍ പറഞ്ഞുവല്ലോ. നമ്മെ സംബന്ധിച്ചിടത്തോളം ഇന്നു മൂന്നുനേരമാണ് പ്രാര്‍ത്ഥിക്കുക. റംശാ അഥവാ സന്ധ്യാപ്രാര്‍ത്ഥന, ലെലിയാ അഥവാ രാത്രി പ്രാര്‍തന, സപ്രാ അഥവാ പ്രഭാതപ്രാര്‍ത്ഥന ഇവയാണ് പ്രസ്തുത പ്രാര്‍ത്ഥനകള്‍. ആരാധനാദിവസം സന്ധ്യയോടു കൂടിയാണ് തുടങ്ങുക. മലങ്കര റീത്തിലും ഇതേ രീതിയാണുള്ളത്. ആരംഭത്തില്‍ എല്ലായിടത്തും അന്ധകാരമായിരുന്നു എന്ന സൃഷ്ടിയുടെ പുസ്തകത്തിന്റെ തുടക്കത്തിലുള്ള പ്രസ്താവനയായിരിക്കാം ഇതിനു അടിസ്ഥാനം. സന്ധ്യാപ്രാര്‍ത്ഥന ഇരുളില്‍ പ്രകാശത്തെക്കുറിച്ചുള്ള പ്രത്യാശയാണ് ധ്വനിപ്പിക്കുന്നത്, കര്‍ത്താവിന്റെ വചനം നമ്മുടെ കാല്‍ചുവടുകള്‍ക്കു പ്രകാശമായിരിക്കുന്നു എന്ന സങ്കീര്‍ത്തനവാക്യം സന്ധ്യാനമസ്കാരത്തിന്റെ ചൈതന്യം കാണിക്കുന്നു. പ്രഭാതപ്രാര്‍ത്ഥനയാകട്ടെ പ്രകൃതിയില്‍ കാണുന്ന അത്ഭുതാവഹമായ കമീകരണത്തെക്കുറിച്ചു ചിന്തിച്ച് അതിന്റെ സൃഷ്ടാവിനെ നമിക്കുന്ന സങ്കീര്‍ത്തനങ്ങളുടെ സമാഹാരമാണെന്നു പറയാം. അതോടൊപ്പം പുതിയ ദിവസത്തില്‍ ദൈവസഹായവും സംരക്ഷണവും യാചിക്കുവാനും ഈ പ്രാര്‍ത്ഥന ഉപകരിക്കുന്നു. ലെലിയാ സന്ന്യാസികളുടെ പ്രത്യേകതയായിരുന്നു. എന്നാല്‍ ഇന്ന് അത് എല്ലാവരും ചൊല്ലുന്നത് ഏറ്റം സ്വാഗതാര്‍ഹമായ വസ്തുത തന്നെ. കഴിഞ്ഞ നൂറ്റാണ്ടുവരെ ഈ നമസ്കാരം ഇന്നു ചൊല്ലുന്ന രീതിയില്‍ ഉറങ്ങാന്‍ പോകുന്നതിനു മുമ്പല്ല ചൊല്ലിയിരുന്നത്. (ചാവറ കുറിയാക്കോസച്ചന്റ നാളാഗമങ്ങള്‍ 66-67).
Source : Syro-Malabar Yamaprarthanakal.