Lazarus’ Saturday (കൊഴുക്കട്ടാ ശനി)

പൗരോസ്ത്യ സഭകളെല്ലാം ഈ ദിനം “ലാസറിന്റെ ശനിയാഴ്‌ച്ച”യായി കൊണ്ടാടുന്നു. സീറോ മലബാര്‍ കലണ്ടറിലാകട്ടെ ഇന്നേ ദിവസം യോഹ 12:1-8, ലാസറിന്റെ ഭവനത്തില്‍ ഈശോയ്‌ക്ക് നന്ദിസൂചകമായി വിരുന്നൊരുക്കിയതിനെയും മറിയം വിലയേറിയ നാര്‍ദ്ദീന്‍ സുഗന്ധതൈലം ഈശോയുടെ പാദത്തില്‍ ഒഴിച്ചതിനെയും അനുസ്‌മരിക്കുന്നു. നോമ്പിന്റെ നാല്‍പതു ദിവസങ്ങളില്‍ നിന്നും പീഡാനുഭവ ആഴ്‌ച്ചയിലേക്കു തിരിയുന്ന വിജാഗിരിയാണത്രെ ഈ ശനിയാഴ്‌ച്ച!

നസ്രാണികള്‍ വലിയനോമ്പിന്റെ നാല്‍പ്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് കൊഴുക്കട്ട. അമ്പതു നോമ്പിന്റെ ആദ്യ നാല്‍പതു ദിവസം കര്‍ത്താവ്‌ നോമ്പ് നോറ്റതിന്റെയും, പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്‌ടാനുഭാവത്തെയും ഓര്‍ത്ത്‌ നസ്രാണികള്‍ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ്‌ നാല്‍പതു ദിവസം നോമ്പ് നോറ്റു വീട്ടിയത് പോലെ പുരാതന നസ്രാണികള്‍ നാല്‍പതു ദിവസം നോമ്പ് നോറ്റു വീട്ടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്‌ടാനുഭാവത്തെയും ഓര്‍ത്ത്‌ നോമ്പ് അനുഷ്‌ടിക്കുന്നത് കൊണ്ട് അതുവരെ അനുഷ്‌ടിച്ചു വന്ന നോമ്പിന്റെ തീഷ്‌ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്‌.

നസ്രാണി ഗാര്‍ഹികപാരമ്പര്യത്തില്‍ ഈ ദിവസം നോമ്പു മുറിക്കാതെ മുറിക്കുന്ന ഇടവേളയുടെ സന്തോഷദിനമായിരുന്നു. മറിയം ഉപയോഗിച്ച സുഗന്ധക്കുപ്പിയുടെ ഉരുണ്ട ചുവടുഭാഗത്തെ ഓര്‍മ്മിപ്പിക്കുന്ന, (ശര്‍ക്കരയും തേങ്ങായും സുഗന്ധവര്‍ഗ്ഗങ്ങളും ചേര്‍ത്ത) കൊഴുക്കട്ടാ ഉണ്ടാക്കി കുടുംബനാഥന്‍ അതില്‍ സ്ലീവാ വരച്ചു കുടുംബാംഗങ്ങള്‍ക്ക് കൊടുത്തിരുന്നു. കൊഴുക്കട്ടാ കഴിക്കുന്നത്‌ ഉപവാസലംഘനമായി കരുതിയിരുന്നില്ല!

കൊഴു എന്നാല്‍ മഴു എന്നര്‍ത്ഥം . കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതില്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന 140- ആം സങ്കീര്‍ത്തനത്തിലെ വാചകം; നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത്, എന്നര്‍ത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈ പലഹാരത്തിനു പേരുണ്ടായത്.

കൊഴുക്കട്ട ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍ :

1. അരിപ്പൊടി – 1 കപ്പ്
2. നാളികേരം (തേങ്ങ) – അര മുറി
3. ഉപ്പ് – ആവശ്യത്തിന്
4. ശര്‍ക്കര (ബെല്ലം) – 100 ഗ്രാം.
5. ഏലക്ക – 3 എണ്ണം
6. ചെറിയ ജീരകം – ഒരു നുള്ള്


തയ്യാറാക്കുന്ന വിധം :

സ്റ്റെപ്പ്‌ 1 :
ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍, നാളികേരം  ചിരകിയതും ഏലക്കപൊടിയും,ചെറിയ ജീരകം പൊടിച്ചതും ഇട്ടു നന്നായി ഇളക്കി  യോജിപ്പിച്ച് വയ്ക്കുക.

സ്റ്റെപ്പ്‌ 2 :
അരിപ്പൊടി ആവശ്യമുള്ളത്ര വെള്ളം  ചേര്‍ത്തു നന്നായി കുഴച്ചുവയ്ക്കുക. നല്ല ചൂടുവെള്ളത്തില്‍ കുഴച്ചാല്‍  കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍ പൊട്ടിപ്പോകില്ല

സ്റ്റെപ്പ്‌ 3 :
കുഴച്ച മാവ് ചെറിയ ചെറിയ ഉരുളകളാക്കി, കനം കുറച്ച് പരത്തി, നേരത്തേ തയ്യാറാക്കിയ മിശ്രിതം നിറച്ച്, വീണ്ടും ഉരുളകളാക്കുക,

സ്റ്റെപ്പ്‌ 4 :
ഈ ഉരുളകള്‍ ആവിയില്‍ വേവിച്ചെടുക്കുക.

– Text compiled from multiple sources.

Leave a Reply

Your email address will not be published. Required fields are marked *